2012 ഏപ്രിൽ 29, ഞായറാഴ്‌ച

തൃശൂർ പൂരം ...പൂരങ്ങളുടെ പൂരപ്പറമ്പി ലേക്ക് ഒരു യാത്ര .!!!









അങ്ങിനെ തൃശൂര്‍ പൂരം അതിന്റെ സകലവിധ ആഡ്യത്വത്തോടും അന്തസ്സോടെയും ഇതാ വീണ്ടും എത്തിച്ചേരുന്നു..ആവേശഭരിതരാണോ നിങ്ങള്‍ കൂട്ടരേ  ?..തീര്‍ച്ചയായും നിങ്ങള്‍ ആവേശഭരിതരാണ്‌.സംശയമില്ല ഈ പാവം പ്രവാസിക്ക്..  കാരണം തൃശ്ശൂർ കാരുടെ രക്തംപരിശോധിച്ചാൽ അതിൽ പൂരം എന്നൊരു ഘടകം കൂടെ കണ്ടെത്താനാകുമെന്ന് ഒരു തമാശയായി ഡോക്ടർമ്മാർക്കിടയിൽ പറഞ്ഞുകേൾക്കാറുണ്ട്‌.. ശരിയാണോ അത്‌?..അതേ ഞാന്‍... തൃശൂര്‍ക്കാരുടെ ആത്മാവറിയുന്ന ഈ  ഞാന്‍ ഉച്ചൈസ്തരം പറയും.. ശരിയാണ് ..ഡോക്ടര്‍മാര്‍ തമാശക്ക് പറയുന്നതെങ്കിലും ഇത് കാര്യമാണ് ..സംശമില്ല..അപ്പോള്‍ നമുക്ക് ഒന്ന് പോകാമോ ഈ പാവം പ്രവാസിയോടൊപ്പം പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരപറമ്പിലേക്ക്..? പേടിക്കണ്ട ചുറ്റിക്കറങ്ങിയുള്ള  ഒരു യാത്രയായിരിക്കില്ല ..കുറുക്കു വഴിയിലൂടെ പോകാം.നമുക്ക്  .( ചുരുക്കി പറയാം എന്ന് സാരം ..) ..


 കൊച്ചിരാജാവായിരുന്ന  ക്തൻ തമ്പുരാൻ തുടക്കം കുറിച്ച  തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്..സാംസ്കാരികകേരളത്തിൻറെ ഉത്സവകാലങ്ങളുടെ  മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി അന്നും ഇന്നും തുടരുന്നു..ഇനി എന്നും അത് നിര്‍ബാധം തുടരുക തന്നെ ചെയ്യും എന്നും ഈ പാവം പ്രവാസിക്ക്  ഉറപ്പാണ് ..മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂർപൂരം ആഘോഷിക്കുന്നതു്.. അനവധി ഗജവീരന്മാരെ അണിനിരത്തിയുള്ള  പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുന്നുള്ള വെടിക്കട്ട് എന്നിവ ചേർന്ന് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നു  കാണികള്‍ക്ക് തൃശൂര്‍ പൂരം. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത്, മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പ്രധാന ചടങ്ങുകൾ...പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെയാണ് ..ഇവരുടെ പരസ്പരമുള്ള മൽസരത്തിന്‌ വടക്കുംനാഥൻ സാക്ഷി എന്നാണ് വിശ്വാസം ..
ഓരോന്ന് എടുത്തു പറഞ്ഞില്ലെങ്കിലും പൂരപിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന  വെടിക്കെട്ടാണ്‌ പൂരത്തിൻറെ യഥാര്‍ത്ഥ  ആകർഷണം..വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. നയന മനോഹരമായ ആ ആകാശ കാഴ്ച  കാണേണ്ടത് തന്നെ എന്ന്  എടുത്തു പറയേണ്ടല്ലോ ..ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട് എങ്കിലും   ആകർഷണീയതക്ക് ഒരു കുറവും വന്നിട്ടില്ല  ഇപ്പോഴും ....    ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം നല്‍കുന്നു എന്നത് സത്യമാണെങ്കിലും ..
     ഈ  പാവം പ്രവാസിയോടൊപ്പം പൂരപ്പറമ്പില്‍ സഞ്ചരിച്ചു തളര്‍ന്നിട്ടുണ്ടാകും കൂട്ടുകാര്‍.. ..അപ്പോള്‍ നമുക്ക്  പൂരക്കഞ്ഞിയും കുടിച്ചു പിരിയാം അല്ലെ..? പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും, ,മാമ്പഴപ്പുളിശ്ശേരിയും ,ചെത്തുമാങ്ങാഅച്ചാറും ,പപ്പടവും, മട്ട അരിക്കഞ്ഞിയോടൊപ്പം  ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും. ആ പതിനായിരത്തില്‍ ഒരാളായി നമുക്കും മാറി പൂരക്കഞ്ഞി  കുടിച്ചു പിരിയാം .!!!


എല്ലാവരും വായിക്കണം എന്ന ആഗ്രഹത്തോടെ വലിച്ചു നീട്ടാതെ വളരെ ലഘൂകരിച്ചാണ് ഈ നോട്ട് എഴുതിയത് .അതിനാല്‍ ദയവായി എല്ലാവരും വായിക്കണം .ഉത്സവം എന്നത്‌ കേരളീയരുടെ പ്രത്യേകിച്ച്‌ തൃശ്ശൂർക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌....ഉത്സവങ്ങൾ ഇല്ലാതെ ഒരു നാഗരികതക്കും ചരിത്രം തന്നെ ഉണ്ടാകുന്നില്ല എന്നതാണ്‌ സത്യം . .തൃശൂര്‍ പൂരം സാംസ്കാരിക തനിമ വ്യക്തമാക്കുന്നു എന്ന്  മാത്രമല്ല അത്‌ ജീവിതത്തെ ആഹ്ലാദകരമാക്കുക കൂടെ ചെയ്യുന്നുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല  ഈ പാവം പ്രവാസിക്ക് . ദീര്‍ഘിപ്പിക്കുന്നില്ല.. എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സംസ്കാരത്തിന്റെ ഈറ്റില്ലമായ തൃശൂരിന്റെ മാത്രം പ്രത്യേകതയായ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരാശംസകള്‍  തികഞ്ഞ ആത്മാര്‍ഥതയോടെ , സ്നേഹത്തിന്റെ ഭാഷയില്‍ സവിനയം ആശംസിക്കുന്നു നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ