2012, ഏപ്രിൽ 29, ഞായറാഴ്‌ച

തൃശൂർ പൂരം ...പൂരങ്ങളുടെ പൂരപ്പറമ്പി ലേക്ക് ഒരു യാത്ര .!!!









അങ്ങിനെ തൃശൂര്‍ പൂരം അതിന്റെ സകലവിധ ആഡ്യത്വത്തോടും അന്തസ്സോടെയും ഇതാ വീണ്ടും എത്തിച്ചേരുന്നു..ആവേശഭരിതരാണോ നിങ്ങള്‍ കൂട്ടരേ  ?..തീര്‍ച്ചയായും നിങ്ങള്‍ ആവേശഭരിതരാണ്‌.സംശയമില്ല ഈ പാവം പ്രവാസിക്ക്..  കാരണം തൃശ്ശൂർ കാരുടെ രക്തംപരിശോധിച്ചാൽ അതിൽ പൂരം എന്നൊരു ഘടകം കൂടെ കണ്ടെത്താനാകുമെന്ന് ഒരു തമാശയായി ഡോക്ടർമ്മാർക്കിടയിൽ പറഞ്ഞുകേൾക്കാറുണ്ട്‌.. ശരിയാണോ അത്‌?..അതേ ഞാന്‍... തൃശൂര്‍ക്കാരുടെ ആത്മാവറിയുന്ന ഈ  ഞാന്‍ ഉച്ചൈസ്തരം പറയും.. ശരിയാണ് ..ഡോക്ടര്‍മാര്‍ തമാശക്ക് പറയുന്നതെങ്കിലും ഇത് കാര്യമാണ് ..സംശമില്ല..അപ്പോള്‍ നമുക്ക് ഒന്ന് പോകാമോ ഈ പാവം പ്രവാസിയോടൊപ്പം പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരപറമ്പിലേക്ക്..? പേടിക്കണ്ട ചുറ്റിക്കറങ്ങിയുള്ള  ഒരു യാത്രയായിരിക്കില്ല ..കുറുക്കു വഴിയിലൂടെ പോകാം.നമുക്ക്  .( ചുരുക്കി പറയാം എന്ന് സാരം ..) ..


 കൊച്ചിരാജാവായിരുന്ന  ക്തൻ തമ്പുരാൻ തുടക്കം കുറിച്ച  തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്..സാംസ്കാരികകേരളത്തിൻറെ ഉത്സവകാലങ്ങളുടെ  മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി അന്നും ഇന്നും തുടരുന്നു..ഇനി എന്നും അത് നിര്‍ബാധം തുടരുക തന്നെ ചെയ്യും എന്നും ഈ പാവം പ്രവാസിക്ക്  ഉറപ്പാണ് ..മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂർപൂരം ആഘോഷിക്കുന്നതു്.. അനവധി ഗജവീരന്മാരെ അണിനിരത്തിയുള്ള  പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുന്നുള്ള വെടിക്കട്ട് എന്നിവ ചേർന്ന് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നു  കാണികള്‍ക്ക് തൃശൂര്‍ പൂരം. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത്, മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പ്രധാന ചടങ്ങുകൾ...പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെയാണ് ..ഇവരുടെ പരസ്പരമുള്ള മൽസരത്തിന്‌ വടക്കുംനാഥൻ സാക്ഷി എന്നാണ് വിശ്വാസം ..
ഓരോന്ന് എടുത്തു പറഞ്ഞില്ലെങ്കിലും പൂരപിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന  വെടിക്കെട്ടാണ്‌ പൂരത്തിൻറെ യഥാര്‍ത്ഥ  ആകർഷണം..വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. നയന മനോഹരമായ ആ ആകാശ കാഴ്ച  കാണേണ്ടത് തന്നെ എന്ന്  എടുത്തു പറയേണ്ടല്ലോ ..ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട് എങ്കിലും   ആകർഷണീയതക്ക് ഒരു കുറവും വന്നിട്ടില്ല  ഇപ്പോഴും ....    ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം നല്‍കുന്നു എന്നത് സത്യമാണെങ്കിലും ..
     ഈ  പാവം പ്രവാസിയോടൊപ്പം പൂരപ്പറമ്പില്‍ സഞ്ചരിച്ചു തളര്‍ന്നിട്ടുണ്ടാകും കൂട്ടുകാര്‍.. ..അപ്പോള്‍ നമുക്ക്  പൂരക്കഞ്ഞിയും കുടിച്ചു പിരിയാം അല്ലെ..? പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും, ,മാമ്പഴപ്പുളിശ്ശേരിയും ,ചെത്തുമാങ്ങാഅച്ചാറും ,പപ്പടവും, മട്ട അരിക്കഞ്ഞിയോടൊപ്പം  ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും. ആ പതിനായിരത്തില്‍ ഒരാളായി നമുക്കും മാറി പൂരക്കഞ്ഞി  കുടിച്ചു പിരിയാം .!!!


എല്ലാവരും വായിക്കണം എന്ന ആഗ്രഹത്തോടെ വലിച്ചു നീട്ടാതെ വളരെ ലഘൂകരിച്ചാണ് ഈ നോട്ട് എഴുതിയത് .അതിനാല്‍ ദയവായി എല്ലാവരും വായിക്കണം .ഉത്സവം എന്നത്‌ കേരളീയരുടെ പ്രത്യേകിച്ച്‌ തൃശ്ശൂർക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌....ഉത്സവങ്ങൾ ഇല്ലാതെ ഒരു നാഗരികതക്കും ചരിത്രം തന്നെ ഉണ്ടാകുന്നില്ല എന്നതാണ്‌ സത്യം . .തൃശൂര്‍ പൂരം സാംസ്കാരിക തനിമ വ്യക്തമാക്കുന്നു എന്ന്  മാത്രമല്ല അത്‌ ജീവിതത്തെ ആഹ്ലാദകരമാക്കുക കൂടെ ചെയ്യുന്നുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല  ഈ പാവം പ്രവാസിക്ക് . ദീര്‍ഘിപ്പിക്കുന്നില്ല.. എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സംസ്കാരത്തിന്റെ ഈറ്റില്ലമായ തൃശൂരിന്റെ മാത്രം പ്രത്യേകതയായ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരാശംസകള്‍  തികഞ്ഞ ആത്മാര്‍ഥതയോടെ , സ്നേഹത്തിന്റെ ഭാഷയില്‍ സവിനയം ആശംസിക്കുന്നു നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!!


2012, ഏപ്രിൽ 11, ബുധനാഴ്‌ച

കേരളത്തിന്റെ -മലയാളിയുടെ കാർഷികോത്സവം അഥവാ മേട വിഷു ..!!!



അങ്ങിനെ നാം ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞു മേടവിഷുവിനെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു ..സ്വാഭാവികമായും ഈ പാവം പാവം പ്രവാസിയില്‍ നിന്നും ചിലരെങ്കിലും ഒരു നോട്ട് പ്രതീക്ഷിക്കും ..അപ്പോള്‍ എനിക്ക് ഒരു അഭ്യര്‍ഥനയെ നിങ്ങളോടുള്ളൂ..ദയവായി ഈ പാവം ഒത്തിരി നേരം ഇരുന്നു എഴുതിയ ഈ വിഷുക്കുറിപ്പ്‌ പൂര്‍ണമായി വായിക്കണം എന്ന് സ്നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥിച്ചു കൊണ്ട് തുടരട്ടെ .മേടവിഷു ..അഥവാ മലയാളിയുടെകാർഷികോത്സവo ..

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. കര്‍ഷകനെ സംബന്ധിച്ച് വിളവെടുപ്പ് ഉത്സവമാണ് വിഷു . അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. പല പേരുകളില്‍ ആണെന്ന് മാത്രം . വിഷുവിനു നാം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം..അപ്പോള്‍ എല്ലാ കൂട്ടുകാരും നന്മ നിറഞ്ഞ നല്ല കാര്യങ്ങള്‍ തന്നെ ചെയ്യുമല്ലോ..അല്ലെ..? ചെയ്യണം ..അങ്ങിനെ തന്നെ ചെയ്യുമെന്ന് സാന്ദര്‍ഭികമായി നമുക്ക് പ്രതിന്ജ എടുക്കാം .വിളവെടുപ്പ് എന്നുപറയുമ്പോള്‍ വിഷു പച്ചക്കറികളുടെ വിളവെടുപ്പുകാലം ആണ്.ഇനി വിഷുവിന്റെ മറ്റ് ആചാരങ്ങളും ,പിന്നെ ഏത് വിശേഷങ്ങള്‍ക്കും ഒരു ഐതിഹ്യം ഉണ്ടാകുമല്ലോ അതും നോക്കാം. ആദ്യം ഐതിഹ്യം തന്നെയാകട്ടെ അല്ലെ..

നരകാസുരന്‍ അഹങ്കാരിയും ഉപദ്രവകാരിയുമായിരുന്നു. പ്രാക്ജോതിഷം നരകാസുരന്റെ നഗരമായിരുന്നു. നരകാസുരന്റെ ശല്യം സഹിക്കാതായപ്പോള്‍ ശ്രീകൃഷ്ണൻ സത്യഭാമയുമായി ഗരുഡന്റെ പുറത്തുകയറി പ്രാക്ജോതിഷം ചുറ്റിക്കണ്ടതിനുശേഷം യുദ്ധമാരംഭിച്ചു. അവർ മൂന്നുപേരും കൂടിയാണ് യുദ്ധം ചെയ്തത്.പ്രബലരായ പല അസുരന്മാരേയും വധിച്ചപ്പോൾ നരകാസുരൻ യുദ്ധത്തിനിറങ്ങി. തുടർന്നുണ്ടായ പൊരിഞ്ഞയുദ്ധത്തിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഒരു ഐതിഹ്യം.ഇനി മറ്റൊന്ന് ;...രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു ഐതിഹ്യം ..രണ്ടായാലും അസുരശക്തികളുടെമേലുള്ള വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം ..അപ്പോള്‍ ഐതിഹ്യമായി ..ഇനി വിഷുവിന്റെ മറ്റ് ആചാരങ്ങളില്‍ അതിപ്രധാനമാണ് വിഷുക്കണി പിന്നെ വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ..

ആദ്യം വിഷുക്കണി ;

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഒട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണി വെള്ളരിയും , കണിക്കൊന്നയും, പഴുത്ത അടക്കയും വെറ്റിലയും കണ്മഷി ,ചാന്ത്,സിന്ദൂരം ,നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും , നാളികേര പാതിയും, ശ്രീ കൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ -അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.ഇപ്പോഴും ആരെല്ലാം ഇതേപടി വിഷുക്കണി കാണുന്നു എന്ന് കണ്ടറിയണം അല്ലെ കൂട്ടരേ..?

ഇനി വിഷുക്കൈനീട്ടം ;

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവര്‍ക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.അപ്പോള്‍ ഈ തത്വം ഉള്‍ക്കൊണ്ടു നിങ്ങളില്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരും , കൂടിയവരും എനിക്കുള്ള കണി ദിര്‍ഹം ആയോ ..അല്ലേല്‍ രൂപയായോ എത്തിച്ചു തന്നാല്‍ മതിട്ടോ..മറക്കണ്ട ..!

ഇനി വിഷു സദ്ധ്യ ;

ഇത് നിര്‍ബന്ധമായും ഞാന്‍ പറയുന്നത് ഞാനടക്കമുള്ള പലരും ഈ അടുതുവരെയും തെട്ടിദ്ധരിചിരുന്നത് വിഷു സദ്ധ്യ എന്നാല്‍ നമ്മുടെ ഓണത്തിന് സമാനമായ സദ്ധ്യ ആണെന്നായിരുന്നു എന്നാല്‍ അല്ല കൂട്ടരേ ..ഒരു പക്ഷെ നമ്മുടെ സരസന്‍ മാഷ് അടക്കമുള്ള ചിലര്‍ക്കെകിലും അറിയാമായിരിക്കും .എന്താണ് വിഭവങ്ങള്‍ എന്നല്ലേ..നോക്കാം നമുക്ക്.നമ്മള്‍ .(.അല്ല ..ഞാന്‍ അതില്‍ പെടില്ല ) ഒരു പക്ഷെ ഇന്ന് കന്നുകാലികള്‍ക്ക് മാത്രം കൊടുക്കുന്ന ഒന്നാണ് ചക്ക ..എന്നാല്‍ വിഷുവും ചക്കയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു കാണാം ..മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം ( ചക്ക ) വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ .വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. ( അതായത് ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചിരുന്നു എന്ന് സാരം ) വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും.പക്ഷെ..നമ്മുടെ നാട്ടില്‍ ഇന്ന് ആരെങ്കിലും ഇങ്ങനെ വിഷു സദ്ധ്യ ഒരുക്കാറൂണ്ടോ ..?ഇല്ലേയില്ല ..ശരിക്കും ഓണസദ്ധ്യയാണ് ഒരുക്കുന്നത് ..അഥവാ നാം അതേ കഴിക്കാറുള്ളൂ..

വിഷു സദ്ധ്യയുടെ വിശദീകരണം അല്പം നീണ്ടുപോയി അല്ലെ..? സാരല്ല്യ നമുക്ക് നിര്‍ത്താം ..എല്ലാ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സമൃദ്ധിയുടെയും ,ഐശ്വര്യത്തിന്റെയും , ആഘോഷത്തിന്റെയും നിറവില്‍ സന്തോഷപ്രധമായ ഒരു വിഷു ആശംസിക്കുന്നു നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!